ജാതിയെന്ന അതിവിശാലമായ ആശയത്തിന്റെ പ്രഥമാവതാരകൻ, മതത്തെയും ദൈവത്തേയും അദ്വൈതദൃഷ്ട്യാ ഏകത്വാത്തിൽ വിലയിപ്പിച്ച തത്ത്വദർശി, സഹസ്രാബ്ദങ്ങളായി നിലനിന്നു പോന്ന മൂഢാചാര്യ പാരമ്പര്യത്തെയും അന്ധവിശ്വാസങ്ങളെയും ധീരതയോടെ ഇല്ലായ്മ ചെയ്ത് സാമൂഹിക ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ച ഉൽപതിഷ്ണു, യുക്ത്യാനുഭവങ്ങളുടെ അടിസ്ഥനാത്തിൽ ഏതു മത പ്രമാണത്തെയും തത്ത്വസംഹിതയെയും നിശ്ശങ്കം നിരൂപണം ചെയ്ത സ്വതന്ത്ര ചിന്തകൻ എന്നീ നിലക ളിൽ ശ്രീനാരായണഗുരു പൂർവാചാര്യനായി പ്രശോഭിച്ചിട്ടുണ്ട്.
മറ്റ് മതാചാര്യന്മാരെപ്പോലെ ആദ്ധ്യാത്മികതയെയും ഭൗതികത്വത്തെയും വേർതിരിച്ച് നിർത്തി ഭൗതികത്വത്തെ നിസ്സാരമാക്കി കാണിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. രണ്ടും ജീവിതത്തിന്റെ അവിഭക്തഘടകങ്ങളും സമപ്രധാനങ്ങളുമാണെന്ന തത്ത്വമാണ് ഗുരു പ്രചരിപ്പിച്ചത്. ”മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവചനത്തിലൂടെ മനുഷ്യനന്മയ്ക്കാണ് അദ്ദേഹം പ്രാധാന്യം കൊടുത്ത്. മനുഷ്യനന്മയ്ക്ക് മതം ആവശ്യമല്ലെന്ന സൂചന അതിലുണ്ട്. മറ്റുമതാചാര്യന്മാർ അവനവന്റെ മതമാകുന്ന പുഴയുടെ ആഴവും നീളവും അളന്നു കാണിച്ചു പ്രചാരണ പെരുമ്പറ മുഴക്കിയ പ്പോൾ ഗുരു ഹിന്ദുമതത്തെപ്പറ്റി ഒരക്ഷരവും പറയാതെ എല്ലാ മതനദികളും ചെന്നു ചേരുന്ന മഹാസമുദ്രത്തെപ്പറ്റിയാണ് സംസാരിച്ചത് വാസ്തവത്തിൽ മതാതീതനായ ഒരു തത്ത്വജ്ഞാനിയായിരുന്നു അദ്ദേഹം.
“പലമത സാരവുമേകമെന്നു പാരാ-
തുലകിലൊരാനായിലന്ധ രെന്ന പോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലയുവതോർത്താലലയാതിരുന്നിടേണം.”
എന്ന് അദ്ദേഹം ഉപദേശിച്ചു. ഈ ഉപദേശത്തിൽ പാമരന്മാർ അന്ധമാർ ആനയെ കാണുന്നതു പോലെയാണ് മതഭേദചിന്തകൾ എന്ന് ഗുരു പരിഹസിക്കുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, എന്ന ശ്രീനാരായണ സന്ദേശം ഏതു രാജ്യത്തും എക്കാലത്തും വിലപ്പോകുന്നതും ഏതു സമുദായത്തി ന്റെയും സാംസ്കാരിക വികസനത്തിന് അത്യന്തം ഉപകരിക്കുന്നതുമായ വിശിഷ്ടമായ ഒരാശയമാണ്. ഭൂമുഖത്തെ വികൃതമാക്കുന്ന സമസ്ത ജാതിമത വർഗഭേദങ്ങളും അസ്തമിച്ച് കേവലമായ മനുഷ്യത്വ ത്തിന്റെ സർവശ്ശേഷിയായ മനോഹരരൂപം ആസന്ദേശത്തിൽ പൊന്തിവരുന്നു. ഭേദങ്ങളസ്തമിച്ചാൽ സാധാ രണാർത്ഥത്തിൽ നിലവിലുള്ള മതങ്ങളെല്ലാം ഇല്ലാതാകും അപ്പോൾ ജാതികൾക്കും ബഹുവിധദൈവ ങ്ങൾക്കും നിൽക്കക്കള്ളിയുണ്ടാവില്ല, അന്താരാഷ്ട്രീയ മേഖലയിൽ ഇന്നു രൂപം പൂണ്ടുനിൽക്കുന്ന ഏക ലോകമെന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.
വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതശുദ്ധി ഇതൊക്കെയാണ് അധ:സ്ഥിത സമു ദായങ്ങൾക്കു വേണ്ടതെന്നു ഗുരു കൂടെക്കൂടെ പറഞ്ഞിരുന്നു. ഇങ്ങനെ നാനാപ്രകാരേണ ആദർശശാലിതയും പ്രായോഗിക ബുദ്ധിയും ഇണങ്ങിച്ചേർന്ന ഒരു യുഗാചാര്യനായിരുന്നു ശ്രീനാരായണൻ. ഭാരത ത്തിലെ മറ്റു സന്ന്യാസിവര്യന്മാരിൽ നിന്ന് ഗുരുവിനെ വ്യത്യസ്തനാക്കുന്നത് ഇവയെല്ലാമാണ്.